അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ചെയർമാൻ സ്ഥാനത്തുനിന്ന് പടിയറങ്ങുന്നു
അദാനി ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഗൗതം അദാനി. നിലവില്‍ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്ബോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നത്.
ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സോപ്പും എണ്ണയും ഹാൻഡ്‍വാഷും അരിയും കല്‍ക്കരിയും വൈദ്യുതിയും വില്‍ക്കുന്നത് മുതല്‍ റോഡ് നിർമാണം, വിമാനത്താവളങ്ങളുടെ പ്രവർത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിർമാണവും നിയന്ത്രണവും വരെ നിർവഹിക്കുന്ന ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പിന്റെ അടുത്ത ചെയർമാനാകാൻ കൂടുതല്‍ സാധ്യത ഗൗതം അദാനിയുടെ മൂത്ത മകനും നിലവില്‍ അദാനി പോർട്സ് മാനേജിങ് ഡയറക്ടറുമായ കരണ്‍ അദാനിക്കാണ്.
ഇളയ മകൻ ജീത് അദാനി, അനന്തരവന്മാരായ പ്രണവ് അദാനി, സാഗർ അദാനി എന്നിവരും താക്കോല്‍സ്ഥാനങ്ങളിലേക്ക് എത്തിയേക്കും. അനന്തരവകാശം തുല്യമായി ഇവരിലേക്ക് കൈമാറുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും. അതേസമയം, ഇക്കാര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജീത് അദാനി നിലവില്‍ അദാനി എയർപോർട്സ് ഡയറക്ടറാണ്. പ്രണവ് അദാനി, ഗ്രൂപ്പിലെ മുഖ്യകമ്ബനിയായ അദാനി എന്റർപ്രൈസസിന്റെ ഡയറ്കടറും. അദാനി ഗ്രീൻ എനർജിയുടെ എസ്കിക്യുട്ടീവ് ഡയറക്ടറാണ് സാഗർ അദാനി. ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് പ്രണവിനെയും പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്.
കൂട്ടായ തീരുമാനം തുടരും
ഗൗതം അദാനി തലപ്പത്തുനിന്ന് ഇറങ്ങിയാലും നിർണായക തീരുമാനങ്ങള്‍ ഗ്രൂപ്പിലെ കൂടിയാലോചനകളിലൂടെ കൈക്കൊള്ളുന്ന നിലവിലെ രീതിക്ക് മാറ്റമുണ്ടാകില്ലെന്ന് മക്കള്‍ നേരത്തേ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധികളുണ്ടായാല്‍ പരിഹരിക്കാനും പുതിയ പദ്ധതികളും നിക്ഷേപങ്ങളും ആസൂത്രണം ചെയ്യാനും ഇതേ രീതി തന്നെ തുടരും.
ബിസിനസ് രംഗത്ത് വളർച്ചാസ്ഥിരത ഉറപ്പാക്കാൻ തലമുറമാറ്റം ഏറെ അനിവാര്യമാണെന്ന് ബ്ലൂബെർഗുമായുള്ള അഭിമുഖത്തില്‍ ഗൗതം അദാനി വ്യക്തമാക്കി. ഗ്രൂപ്പിലെ പ്രധാന കമ്ബനിയായ അദാനി എന്റർപ്രൈസസ് ഇക്കഴിഞ്ഞ ജൂണ്‍പാദത്തില്‍ 116 ശതമാനം കുതിപ്പോടെ 1,455 കോടി രൂപയുടെ ലാഭം നേടിയെന്ന റിപ്പോർട്ട് പുറത്തുന്നിരിക്കേയാണ്, ഗൗതം അദാനി തലമുറമാറ്റത്തെക്കുറിച്ച് സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ 1962 ജൂണ്‍ 24ന് ജനിച്ച ഗൗതം അദാനി, ഗുജറാത്ത് സർവകലാശാലയില്‍ നിന്ന് കൊമേഴ്സ് ബിരുദം നേടിയിട്ടുണ്ട്. 1988ലാണ് അദാനി ഗ്രൂപ്പിന് തുടക്കമിടുന്നത്. കമ്മോഡിറ്റി വ്യാപാരമായിരുന്നു ആദ്യം. നിലവില്‍ അടിസ്ഥാനസൗകര്യം, തുറമുഖം, വിമാനത്താവളം, വൈദ്യുതി വിതരണം, പുനരുപയോഗ ഊർജം, കല്‍ക്കരി ഖനനം, എഫ്‌എംസിജി, ഓയില്‍ ആൻഡ് ഗ്യാസ്, ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കകത്തും പുറത്തും സാന്നിധ്യമുണ്ട്.
STORY HIGHLIGHTS:Adani Group Chairman Gautam Adani steps down as Chairman