Kannur

ആറാം വര്‍ഷവും ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍

ആറാം വര്‍ഷവും ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍; പറന്നുയരാനാവാതെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

കണ്ണൂർ:ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണതോടെ ഉയർന്നു പറക്കാനാവാതെ ചിറക് തളർന്ന് കണ്ണൂർ രാജ്യാന്തരവിമാനത്താവളം.

കോവിഡ് പ്രതിസന്ധിക്ക് ശേഷം ഓരോ ദിവസവും വൻ കടബാധ്യതയിലുടെ ഇഴഞ്ഞു നീങ്ങുന്ന വടക്കൻ കേരളത്തിലെ നവാഗത വിമാനത്താവളം അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. സ്വന്തമായി ഒരു വിമാനത്താവളമെന്ന വടക്കേമലബാറുകാരുടെ ചിരകാലസ്വപ്‌നം പൂവണിഞ്ഞ് ആറാം വര്‍ഷങ്ങളായിട്ടും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്ബനികളെ സര്‍വീസ് നടത്താന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതാണ് കിയാലിൻ്റെ വികസന സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.

കേരളത്തിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഏക വിമാനത്താവളമായിട്ടും വിദേശ വിമാനക്കമ്ബനികളെ അനുവദിക്കാത്തത് രാഷ്ട്രീയക്കളിയാണെന്ന വിമർശനം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞാല്‍ കണ്ണൂരിന് പോയിന്റ് ഓഫ് കോള്‍ പദവി ലഭ്യമാകുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര വ്യോമയാനമന്ത്രി തള്ളിയതോടെ വിമാനത്താവളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് മേല്‍ നിരാശ പടരുകയാണ്. വന്‍ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാണ് കേന്ദ്രത്തിന്റെ തീരുമാനം.

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാന്‍ കഴിയില്ലെന്നും പകരം കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കുന്നത് പരിഗണിക്കാമെന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയില്‍ അറിയിച്ചത്. വിദേശ സര്‍വീസുകളില്ലാത്തതിനാല്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍നിന്ന് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗോ ഫസ്റ്റ് കഴിഞ്ഞവര്‍ഷം സര്‍വീസ് നിര്‍ത്തിയിരുന്നു. പ്രവര്‍ത്തനം തുടങ്ങി ആറുവര്‍ഷമായിട്ടും ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകളുള്ളത്. വിമാനങ്ങളുടെ എണ്ണം കൂടിയതോടെ വിമാനടിക്കറ്റ് നിരക്കും കുത്തനെ കൂട്ടിയത് യാത്രക്കാരെ പിന്നോട്ടടിപ്പിച്ചു.

ഇതോടെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂർ നഗരസഭയിലുള്ള പ്രവാസികള്‍ വരെ മറ്റു വിമാനത്താവളങ്ങളേയാണ് ആശ്രയിക്കുന്നത്. നേരത്തെ പലതവണ കണ്ണൂരില്‍ വിദേശ കമ്ബനികളുടെ സര്‍വീസ് അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പുതിയ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ നല്‍കാനാവില്ലെന്നാണ് കാരണമായി പറഞ്ഞത്. എന്നാല്‍ കണ്ണൂരിന് ശേഷം പ്രവര്‍ത്തനം തുടങ്ങിയ ഗോവയിലെ മോപ്പ മനോഹര്‍ വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍ സര്‍വീസ് അനുവദിച്ചിട്ടുണ്ട്. വ്യോമയാന പാര്‍ലമെന്ററി സമിതി കഴിഞ്ഞ വര്‍ഷം വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. വിമാനത്താവളത്തിലെ സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ച സമിതി പോയൻ്റ് ഓഫ് കോള്‍പദവി നല്‍കുന്നതിന് അനുകൂലമായാണ് നിലപാടെടുത്തത്.

എന്നാല്‍ ഇതിനു ശേഷവും കേന്ദ്ര വ്യോമയാന മന്ത്രാലയം തുടര്‍ച്ചയായി കണ്ണൂർ വിമാനതാവളത്തെ തഴയുകയാണ് ചെയ്തത്. മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനായി വ്യോമസേന എയര്‍പോര്‍ട്ടില്‍ വിദേശ വിമാനങ്ങളെ അനുവദിച്ച കേന്ദ്രം ലക്ഷക്കണക്കിന് പ്രവാസികളുടെ ആശ്രയമായ വിമാനത്താവളത്തെ പരിഗണിച്ചതേയില്ലെന്നാണ് ആക്ഷേപം.കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ അനുമതി നിഷേധിക്കുന്നത് വിവേചനാത്മക സമീപനമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. രാജ്യസഭയില്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല. കേരളത്തെക്കാള്‍ ചെറിയസംസ്ഥാനമായ ഗോവയെ വൻനഗരമായി പരിഗണിച്ച്‌ അനുമതി നല്‍കുമ്ബോള്‍ മട്ടന്നൂർ ഗ്രാമമാണെന്നാണ് നിലപാട്.

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങുന്നത് മട്ടന്നൂരില്‍ സ്ഥിതി ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിലെ വിശാലമായ റണ്‍വേയിലാണ്. കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമൊക്കെ പലപ്പോഴായി വന്നിറങ്ങുകയും മടങ്ങുകയും ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിന് അർഹമായ പരിഗണന ഇതുവരെ ലഭിച്ചിട്ടില്ല. കാസർകോട്, കണ്ണൂർ, വയനാട്, കുടക് എന്നിവടങ്ങളിലെ ആയിരക്കണക്കിന് ആഭ്യന്തര യാത്രക്കാരും കണ്ണൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ പ്രധാന ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം കൂടിയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം.

STORY HIGHLIGHTS:A dark shadow over sky dreams for the sixth year

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍