35 വർഷമായി ചെങ്ങളായി-കൊളന്തക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ്
ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല.
35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
നിരവധി തവണ നിവേദനങ്ങളടക്കം നല്‍കിയിട്ടും പാലം യാഥാർഥ്യമായില്ല. നേരത്തെ ഇവിടെ കടത്തുതോണിയുണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇതും നിലച്ചു. പുഴയുടെ ഇരുഭാഗത്തും കൃഷിഭൂമിയുള്ള നിരവധി കർഷകരുണ്ട്. ഇവരെല്ലാം അഞ്ച് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോള്‍ പോകുന്നത്. ഒരു നടപ്പാലമെങ്കിലും കിട്ടിയെങ്കില്‍ വലിയ ആശ്വാസമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. 100 മീറ്ററില്‍ താഴെയാണ് ഇവിടെ പുഴയുടെ വീതി. നേരത്തെ പ്രദേശവാസികള്‍ കവുങ്ങും മുളയും ഉപയോഗിച്ച് നടപ്പാലം കെട്ടിയിരുന്നെങ്കിലും മഴക്കാലത്ത് അത് ഒലിച്ചുപോയിട്ട് നാളുകള്‍ കഴിഞ്ഞു.
2014-15 മുതല്‍ എല്ലാ ബജറ്റുകളിലും ടോക്കണ്‍ പദ്ധതിയായി കൊളന്തക്കടവ് പാലമുണ്ടാകാറുണ്ടെങ്കിലും ഇതുവരെ തുക അനുവദിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. 2015ല്‍ കെ.സി. ജോസഫ് എം.എല്‍.എയുടെ ആവശ്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് പാലത്തിനായുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയിരുന്നു.
ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികള്‍ക്കുശേഷം പാലത്തിനും സമീപന റോഡിനുമുള്ള അലൈൻമെന്റ് തയാറാക്കുകയും പാലത്തിന്റെ രൂപരേഖ അംഗീകരിക്കുകയും ചെയ്തിരുന്നു. ചെങ്ങളായി-കൊയ്യം റോഡില്‍നിന്ന് തവറുല്‍ കടവിനെയും കൊളന്ത ഭാഗത്ത് അഡൂർ പള്ളികടവില്‍ ചേരുന്ന അഡൂർ-മലപ്പട്ടം റോഡിനെയും ബന്ധിപ്പിച്ചുള്ള പാലത്തിനും സമീപന റോഡിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കുമായി അന്ന് 10.50 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി നല്‍കി.
എന്നാല്‍, തുടർന്നുള്ള ബജറ്റില്‍ ടോക്കണ്‍ പദ്ധതികളിലുള്‍പ്പെടുത്തിയതല്ലാതെ കൂടുതല്‍ തുക അനുവദിച്ചിട്ടില്ല. പാലത്തോടുചേർന്ന് തവറുല്‍ ഭാഗത്ത് 240 മീറ്ററും കൊളന്ത ഭാഗത്ത് 140 മീറ്ററും പുതുതായി സമീപന റോഡും നിർമിക്കാൻ നിർദേശമുണ്ടായിരുന്നു. മൊത്തം സംഖ്യയുടെ 20 ശതമാനമെങ്കിലും ബജറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഭരണാനുമതിക്കും ടെൻഡർ നടപടിക്കും സാധിക്കുകയുള്ളൂ. പാലം എന്ന്യാഥാർഥ്യമാകുമെന്നാണ് കൊളന്ത, തവറൂല്‍ മേഖലയിലെ ജനം ചോദിക്കുന്നത്.
STORY HIGHLIGHTS:35 years of waiting for Chemagai-Kollantakadav bridge