ചെമ്പേരി ലൂർദ് മാത പള്ളിയെ ബസിലിക്കയായി ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും സമർപ്പണവും 14-ന് നടക്കും.

ശ്രീകണ്ഠപുരം : ചെമ്പേരി ലൂർദ് മാത പള്ളിയെ ബസിലിക്കയായി ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും സമർപ്പണവും 14-ന് നടക്കും. കഴിഞ്ഞ മേയ് 11-നാണ് ഇതുസംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ അറിയിപ്പ് ലഭിച്ചത്. ചെമ്പേരികൂടി ഉൾപ്പെട്ടതോടെ സിറോ മലബാർ സഭയിൽ അഞ്ച് ബസിലിക്കകളായി.
1948-ൽ സ്ഥാപിതമായ ചെമ്പേരി ഇടവകയിൽ 1400 കുടുംബങ്ങളുണ്ട്. മലയോരഹൈവേയിലാണ് ദേവാലയം. ബസിലിക്ക പ്രഖ്യാപനത്തിന്റെ മുന്നോടിയായി നവീകരിച്ച പള്ളിയുടെ ആശീർവാദ കർമം ഞായറാഴ്ച ഒൻപതിന് തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവർ സഹകാർമികരാകും. 12-നും 13-നും ജാഗരണ പ്രാർഥന നടത്തും.
14-ന് ഉച്ചയ്ക്ക് 2.30-ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ബസിലിക്ക പ്രഖ്യാപനവും സമർപ്പണവും നടത്തും. തുടർന്ന് നടക്കുന്ന ഔപചാരിക പൊന്തിഫിക്കൽ കുർബാനയ്ക്കും അദ്ദേഹം മുഖ്യകാർമികത്വം വഹിക്കും. മാർ ജോസഫ് പാംപ്ലാനി, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോർജ് വലിയമറ്റം, ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഡോ. അലക്സ് വടക്കുംതല, മാർ ലോറൻസ് മുക്കുഴി, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പൊരുന്നേടം, ജോസഫ് മാർ തോമസ്, മാർ ജോസഫ് പണ്ടാരശേരി, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരാകും. 15-ന് രാവിലെ 9.30-ന് നന്ദിപ്രകാശന പ്രാർഥനാ ചടങ്ങുകൾക്ക് മാർ ലോറൻസ് മുക്കുഴി മുഖ്യകാർമികനാകും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ബസിലിക്ക റെക്ടർ ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അറിയിച്ചു.
STORY HIGHLIGHTS:The official announcement and dedication of Chemperi Lourdes Mata Church as a Basilica will take place on the 14th.
