ഇരിട്ടിയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു
ഇരിട്ടി:യുവാവിന്റെ വെട്ടേറ്റ് ഭാര്യാ മാതാവും ഭാര്യയും മരിച്ച സംഭവം കണ്ണൂര്‍ ജില്ലയെ നടുക്കി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടന്‍കുഴിയില്‍ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകള്‍ സല്‍മ (36) എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയാണ് നാടിനെ നടുക്കിയ അതി ക്രൂരമായ കൊലപാതകം നടന്നത്.
അലീമയുടെ മകള്‍ സല്‍മയുടെ ഭര്‍ത്താവ് മലപ്പുറം പൊലീസ് സ്റ്റേഷന് പരിധിയിലെ ശാഹുല്‍ ഹമീദ് (46) ആണ് കൊലപാതകം നടത്തിയതെന്ന് മുഴക്കുന്ന് പൊലീസ് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സല്‍മയുടെ മകന് ഫഹദി (12) നും പരുക്കേറ്റു. ഫഹദ് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമണത്തിനിടയില്‍ പരുക്കേറ്റ ശാഹുല്‍ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാഹുല്‍ ഹമീദ് രണ്ടു പേരെയും അക്രമിക്കുന്ന സമയത്ത് സല്‍മയുടെ മകന് ഫര്ഹാന്, സഹോദരന് ശരീഫിന്റ ഭാര്യ എന്നിവരും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ആക്രമണം കണ്ട് ഭയന്ന ഇവര്‍ മുറിയുടെ വാതില്‍ അടച്ചതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ അലീമയേയും സല്‍മയേയും കാണുന്നത്. ഇവരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ഇരുവരേയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നും ഹമീദ് മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ഓട്ടോറിക്ഷയില്‍ ആയുധം സഹിതം എത്തിയ ശാഹുല്‍ ഹമീദ് വഴക്കിനിടയില്‍ ഭാര്യയേയും ഭാര്യാ മാതാവിനേയും വെട്ടുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. വീട്ടിലെ മുതിര്‍ന്നവരെല്ലാം പള്ളിയില്‍ പോയ സമയത്താണ് അക്രമം നടന്നത്.
ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം അറിഞ്ഞ് നിരവധി പേര് അലീമയുടെ വീട്ടിലെത്തി. പി എച്ച് മുഹമ്മദാണ് അലീമയുടെ ഭര്‍ത്താവ്. ശരീഫ്, സലിം, സലീന എന്നിവര്‍ മറ്റ് മക്കളാണ്. സല്‍മയുടെ മക്കള്‍: ഫഹദ്, ഫര്ഹാന് നസ്രിയ.
STORY HIGHLIGHTS:The accused in the double murder case in Iriti has been arrested