റഷ്യയില്‍ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
റഷ്യയില്‍ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തില്‍ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്.
ആശുപത്രിയില്‍ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടില്‍ അറിയിപ്പ് ലഭിച്ചു. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരത്തോടു കൂടിയാണ് ബന്ധുക്കള്‍ക്ക് സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭിക്കുന്നത്. ആദ്യം പരുക്കേറ്റിരുന്നു എന്ന് മാത്രമായിരുന്നു വിവരം ലഭിച്ചത്. അതിന് ശേഷമാണ് മലയാളി അസോസിയേഷൻ മരണം സ്ഥിരീകരിച്ചതായി അറിയിച്ചിരിക്കുന്നത്.
ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്ബിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍, സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്ബ്രദായം റഷ്യയിലുണ്ട്.
STORY HIGHLIGHTS:A native of Thrissur was killed in shelling by Ukraine in Russia