കൊല്‍ക്കത്ത കൊലപാതകം: കടുത്ത നടപടിക്കൊരുങ്ങി ബംഗാള്‍ ഗവര്‍ണര്‍
കൊല്‍ക്കത്തയിലെ ബലാത്സംഗ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ബംഗാള്‍ ഗവർണർ സി വി ആനന്ദബോസ് സമയം തേടി.
കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും ഗവർണർ കാണും. മുഖ്യമന്ത്രി മമതാ ബാനർജിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാകുന്നത്.
നേരത്തെ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രംഗത്തെത്തിയിരുന്നു. ബംഗാളില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയില്‍ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോള്‍ പറയുന്നില്ല. കേന്ദ്ര സർക്കാരിനെ കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയില്‍ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായി അതിശക്തമാകുകയാണ്. പ്രതിഷേധം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നില്‍ ഡോക്ടർമാർ സമരം തുടങ്ങി. കൊല്‍ക്കത്ത സംഭവത്തില്‍ എത്രയും വേഗത്തില്‍ നടപടി സ്വീകരിക്കുക, സെൻട്രല്‍ പ്രൊട്ടക്ഷൻ ആക്‌ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് തനിക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടമായെന്ന് പ്രതികരിച്ചിരുന്നു. മകള്‍ക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവർ ഉയർത്തുന്ന വിമർശനം. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പത്മ അവാർഡ് ജേതാക്കളായ ഡോക്ടർമാർ കത്ത് നല്‍കി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയില്‍ ആശങ്കയെന്ന് ഡോക്ടർമാർ കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം നിയമം വേണമെന്നും കത്തില്‍ ആവശ്യം ഉയർന്നു.
STORY HIGHLIGHTS:Kolkata murder: Bengal Governor is ready to take severe action