ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ല; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ്
ധാക്ക: ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി എം.
ശഖവാത് ഹുസൈൻ. ആക്രമണത്തിനും കലാപത്തിനും വിദ്വേഷത്തിനും രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻറർനാഷനല്‍ സൊസൈറ്റി ഫോർ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ (ഇസ്‌കോണ്‍) പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പുനല്‍കിയത്.
സാമുദായിക സൗഹാർദമുള്ള രാജ്യമാണ് ബംഗ്ലാദേശ്. എല്ലാ മതവിഭാഗങ്ങളും വിവേചനമില്ലാതെയാണ് ഇവിടെ വളരുന്നത്. സമാധാനത്തിലാണ് രാജ്യം വിശ്സിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷക്ക് ഇസ്‌കോണ്‍ സമർപ്പിച്ച നിർദേശങ്ങള്‍ക്ക് അദ്ദേഹം പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
മത സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് വിവരം നല്‍കാൻ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച ഹോട്ട്‌ലൈൻ സ്ഥാപിച്ചിരുന്നു. അതേസമയം, വംശഹത്യ ഉള്‍പ്പെടെയുള്ള കേസുകളില്‍ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും മറ്റ് ഒമ്ബത് പേർക്കുമെതിരെ ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം തുടങ്ങി. ശൈഖ് ഹസീനക്ക് പുറമെ, അവാമി ലീഗ് ജനറല്‍ സെക്രട്ടറിയും മുൻ മന്ത്രിയുമായ ഒബൈദുല്‍ ക്വദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാല്‍ തുടങ്ങിയവർക്കെതിരെയാണ് അന്വേഷണം.
ഒമ്ബതാം ക്ലാസ് വിദ്യാർഥി ആരിഫ് അഹമ്മദ് സിയാമിന്റെ പിതാവ് ബുള്‍ബുള്‍ കബീർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പലചരക്ക് കടയുടമയുടെ മരണത്തില്‍ ചൊവ്വാഴ്ച ഹസീനക്കും മറ്റ് ആറു പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. 35കാരനായ അധ്യാപകൻ സെലിം ഹുസൈൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഹസീനക്കും 99 പാർട്ടി പ്രവർത്തകർക്കുമെതിരെ വെള്ളിയാഴ്ച കേസെടുത്തു.
STORY HIGHLIGHTS:Those who attack minorities will not be spared; Bangladesh will take strong legal action