ഭാരത് ബന്ദ് മറ്റന്നാള്‍, പൊതുഗതാഗതം തടസപ്പെടും, കേരളത്തെ എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം
ഡല്‍ഹി: ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഭാരത് ബന്ദിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലും വലിയ പ്രചരണം നടക്കുന്നുണ്ട്. എക്സില്‍ ‘#21_August_Bharat_Bandh’ എന്ന ഹാഷ്ടാഗ് നിലവില്‍ ട്രെന്‍ഡിംഗിലാണ്. ഇതിനോടകം പതിനായിരത്തിലേറെ പോസ്റ്റുകള്‍ ഈ ഹാഷ് ടാഗിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം.
ഭാരത് ബന്ദിന് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബന്ദിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാരും ജില്ലാ മജിസ്ട്രേറ്റുകളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡിജിപിയും അധ്യക്ഷത വഹിച്ച യോഗത്തില്‍ ആഗസ്റ്റ് 21 ന് നടക്കുന്ന ബന്ദിന് തയ്യാറെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഭാരത് ബന്ദ് ശക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് അവിടെ കനത്ത ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വിപുലമായ നടപടികളാണ് സ്വീകരിക്കുന്നത്.
ഭാരത് ബന്ദ്- ഏതൊക്കെ മേഖലകളെ ബാധിക്കും?
ഭാരത് ബന്ദ് ആശുപത്രി, പത്രം, പാല് ആംബുലന്‍സുകള്‍ പോലുള്ള അടിയന്തര സേവനങ്ങളെ ബാധിക്കില്ല. പൊതുഗതാഗതം സ്തംഭിക്കാനും ചില സ്വകാര്യ ഓഫീസുകള്‍ അടച്ചിടാനും സാധ്യതയുണ്ട്. ബഹുജന്‍ സംഘടനകള്‍ ഭാരത് ബന്ദില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്തില്ല. ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും നടന്നേക്കും.
ഈ വര്‍ഷം ഇതാദ്യമായല്ല ഭാരത് ബന്ദ് നടക്കുന്നത്. കര്‍ഷക സംഘടനകള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 16 ന് ബന്ദ് സംഘടിപ്പിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് കാര്യമായ സ്വാധീനം ചെലുത്തിയില്ല, എന്നാല്‍ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ പ്രക്ഷോഭമുണ്ടായിരുന്നു.
STORY HIGHLIGHTS:Bharat Bandh tomorrow, public transport will be disrupted, how will Kerala be affected? Everything you need to know