കരിപ്പൂരില്‍ നിന്നുള്ള മലേഷ്യ ട്രിപ്പ് വൻഹിറ്റ്

കോഴിക്കോട്:അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകള്‍ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ.
ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നല്‍കി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ് തുടങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്വലാലംപുരില്‍നിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ തിരിച്ചുമാണ് നിലവില്‍ സർവീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയർ ഏഷ്യയുടെ ശ്രമം.
ക്വലാലംപുരിനുപുറമേ തായ്ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും സർവീസ് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. മലേഷ്യൻ എയർ, മലിന്റോ എയർ, ബതിക് എയർ, സില്‍ക്ക് എയർ തുടങ്ങിയ വിമാനക്കമ്ബനികളും സർവീസുകള്‍ക്ക് താത്പര്യം കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇവർ കൂടി എത്തുന്നതോടെ ഇവിടെനിന്നുള്ള ഫാർ ഈസ്റ്റ് സർവീസുകള്‍ കൂടുതല്‍ മത്സരക്ഷമമാകും. 6000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്കുമായാണ് എയർ ഏഷ്യ കോഴിക്കോട് സർവീസിനെത്തിയത്.അതേസമയം എയർ ലങ്ക, മാലദ്വീപ് എയർലൈൻ തുടങ്ങിയവകൂടി കരിപ്പൂരില്‍നിന്ന് സർവീസ് തുടങ്ങാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.
STORY HIGHLIGHTS:Malaysia trip from Karipur is a big hit
