ഉത്തരേന്ത്യയില്‍ പോകുന്ന ചെലവില്‍ ഈ രാജ്യങ്ങളില്‍ ട്രിപ്പ് പോവാം
വിസ വേണ്ട; ഉത്തരേന്ത്യയില്‍ പോകുന്ന ചെലവില്‍ ഈ രാജ്യങ്ങളില്‍ ട്രിപ്പ് പോവാം
വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര അപൂർവതയൊന്നുമല്ല. ഒരുകാലത്ത് പണക്കാർക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം വിദേശ ടൂറുകള്‍ ഇന്ന് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകായണ്.
വിദേശത്തേക്കുള്ള വിനോദയാത്രകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് നാം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ വിസയുണ്ടായിരിക്കുക എന്നതാണ്. എന്നാല്‍ ഇന്ത്യക്കാർക്ക് വിസയില്ലാതെയും വിസ ഓണ്‍ അറൈവലായും (മുൻകൂർ വിസ എടുക്കാതെ) യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലുള്ള വലിയ മെച്ചങ്ങളിലൊന്ന് വിസയ്ക്കായി ചെലവഴിക്കുന്ന പണവും സമയവും ലാഭിക്കാമെന്നതാണ്.
ചെലവ് കുറഞ്ഞ വിദേശയാത്രകള്‍ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ നമ്മുടെ അയല്‍രാജ്യങ്ങളാണ്. ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ചില ഏഷ്യൻ രാജ്യങ്ങള്‍ പരിചയപ്പെടാം.
നേപ്പാള്‍
ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. ഇന്ത്യക്കും ചൈനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ അതിമനോഹരമായ രാജ്യത്താണ് എവറസ്റ്റ് ഉള്‍പ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണവും സ്ഥിതി ചെയ്യുന്നത്. പൊഖാറ അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, ബുദ്ധൻ ജനിച്ച ലുംബിനി ഗ്രാമം, സാഗർമാതാ നാഷണല്‍ പാർക്ക്, കാഠ്മണ്ഡു താഴ്വര, ചിത്വാൻ ദേശീയ ഉദ്യാനം തുടങ്ങി നിരവധി കാഴ്ചകളാണ് നേപ്പാളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാള്‍ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ബാക്ക്പാക്കിങ് ടൂറിസ്റ്റുകളുടെ സ്വപ്ന ഡെസ്റ്റിനേഷനാണ് നേപ്പാള്‍. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പോക്കറ്റ് കീറാതെ എളുപ്പത്തില്‍ നേപ്പാളില്‍ പോയി വരാം. വാലിഡായ ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ് ഇന്ത്യക്കാർക്ക് നേപ്പാളില്‍പ്രവേശിക്കാൻ ആവശ്യമായിട്ടുള്ളത്.
ഭൂട്ടാൻ
ഹിമാലയൻചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മഹത്തായ മതസാംസ്കാരിക പൈതൃകത്തില്‍ നിറഞ്ഞുനില്‍ക്കുമ്ബോഴും ഭൂട്ടാൻ സഞ്ചാരികളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. വർണശബളിതമായ കൊടിതോരണങ്ങളാല്‍ അലംകൃതമായ വഴികള്‍. ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിർമ്മാണ സൗന്ദര്യവും മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. 90 ശതമാനം ജനങ്ങള്‍ക്കും ഹിന്ദി ഭാഷ അറിയാം. എൻഗുള്‍ട്രം എന്നാണ് ഭൂട്ടാന്റെ കറൻസിയുടെ പേര്. ഇന്ത്യൻ രൂപയുടെ അതേ മൂല്യം. ഇന്ത്യൻ രൂപ നല്‍കിയാലും കടക്കാർ സ്വീകരിക്കും, അതല്ലെങ്കില്‍ ഇന്ത്യൻ രൂപ കൊടുത്താല്‍ കറൻസി മാറ്റിക്കിട്ടും. വിസയ്ക്ക് പകരം വിമാനത്താവളങ്ങളില്‍ നിന്നും അതിർത്തിയില്‍ നിന്നും ഇന്ത്യക്കാർക്ക് പെർമിറ്റ് എടുക്കാം. പെർമിറ്റിന് അപേക്ഷിക്കാൻ വോട്ടർ ഐഡി, പാസ്പോർട്ട് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും. അതേ സമയം ഡ്രൈവിങ് ലൈസൻസും പാൻ കാർഡും അംഗീകരിക്കില്ല.
തായ്ലൻഡ്
ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ പോകാൻ ആഗ്രഹിക്കുന്ന നാടുകളിലൊന്നാണ് തായ്ലൻഡ്. ബീച്ചുകളും നൈറ്റ്ലൈഫും പാർട്ടിയും പ്രകൃതി ഭംഗിയും ഭക്ഷണ വൈവിധ്യങ്ങളും എല്ലാം സമ്മേളിക്കുന്ന തായ്ലൻഡില്‍ ഇന്ത്യയില്‍ നിന്ന് വളരെ കുറഞ്ഞ ചിലവില്‍ പോയി വരാം. പട്ടായയും ഫുക്കറ്റും അവിടുത്തെ ബീച്ച് ലൈഫും പാർട്ടികളുമെല്ലാം സഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്. ടൂറിസം പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ഈ രാജ്യം പല രാജ്യങ്ങള്‍ക്കും വിസ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യൻ സഞ്ചാരികള്‍ക്ക് വിസ ഓണ്‍അറൈവലായിട്ടായിരുന്നു തായ്ലൻഡില്‍ പ്രവേശനം നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിസ രഹിത പ്രവേശനവും അനുവദിക്കുന്നുണ്ട്. ഇന്ത്യക്കാരായ സഞ്ചാരികള്‍ നിർണായകമായതിനാല്‍ തായ്ലൻഡ് വിസ രഹിത പ്രവേശനം നീട്ടുമെന്നും വാർത്തകളുണ്ടായിരുന്നു.പാസ്പോർട്ട് നിർബന്ധമാണ്
മാലദ്വീപ്
ഇന്ത്യ-മാലദ്വീപ് ബന്ധം ഇപ്പോഴത്ര സുഖകരമല്ലെങ്കിലും ഇന്ത്യൻ സഞ്ചാരികളുടെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മാലദ്വീപ്. പഞ്ചസാര മണലുകള്‍ തെളിയുന്ന ബീച്ചുകള്‍. തെളിഞ്ഞ വെള്ളം. വാട്ടർ സ്പോർട്സിനുള്ള സൗകര്യങ്ങള്‍, ആഡംബരങ്ങള്‍ നിറഞ്ഞ ബീച്ച് റിസോർട്ടുകള്‍ തുടങ്ങിയവയൊക്കെയാണ് മാലദ്വീപിന്റെ ആകർഷണങ്ങള്‍. വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി മാലദ്വീപിലേക്ക് പോകുന്ന എല്ലാ ഇന്ത്യക്കാർക്കും 30 ദിവസത്തെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസയ്ക്ക് അർഹതയുണ്ട്. ആവശ്യമെങ്കില്‍ ഇത് 60 ദിവസത്തേക്ക് ദീർഘിപ്പിച്ച് കിട്ടും.
ലാവോസ്
ഒരുപാട് പ്രത്യേകതകളുള്ള രാജ്യമാണ് ലാവോസ്. ദശലക്ഷം ആനകളുടെ നാട് എന്നു വിളിക്കപ്പെടുന്ന ലാവോസിന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ബോംബുകള്‍ പതിച്ച രാജ്യമെന്ന വേദനയുമുണ്ട്. കടല്‍തീരമില്ലാത്ത, നാലുപാടും കരയാല്‍ ചുറ്റപ്പെട്ട മനോഹരമായ രാജ്യമാണിത്. ബീച്ചുകളില്ലെങ്കിലും കാടും പുഴയും കൃഷിസ്ഥലങ്ങളും നഗരങ്ങളുമൊക്കെയായി വ്യത്യസ്തമായ ഒരു യാത്രയ്ക്ക് ചേർന്ന നാട്. ലാവോസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ഓണ്‍ അറൈവല്‍ വിസയില്‍ 30 ദിവസം വരെ ലാവോസില്‍ കഴിയാം. യാത്രയ്ക്ക് ആറുമാസമെങ്കിലും കാലവധിയുള്ള പാസ്പോർട്ട് നിർബന്ധമാണ്.
കംബോഡിയ
ഇന്ത്യക്കാർക്ക് മുൻകൂർവിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന മറ്റൊരു മനോഹരമായ രാജ്യമാണ് കംബോഡിയ. ആധുനികതയുടെ സ്പർശം വളരെ കുറവുള്ള പ്രകൃതിയുടെ നാടൻ കാഴ്ചകളാണ് ഈ രാജ്യം സമ്മാനിക്കുന്നത്. ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടാണ് കംബോഡിയ. ഓണ്‍ അറൈവല്‍ വിസയില്‍ 30 ദിവസം വരെ താമസിക്കാം. യാത്രയ്ക്ക് പാസ്പോർട്ട് നിർബന്ധം.
STORY HIGHLIGHTS:You can travel in these countries at the cost of going to North India