ആന്തൂർ നഗരസഭയിലെ ഓവുചാലുകൾ മാലിന്യം തള്ളൽ കേന്ദ്രമായി
ആന്തൂർ നഗരസഭയിലെ ഓവുചാലുകൾ മാലിന്യം തള്ളൽ കേന്ദ്രമായി. ആന്തൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഓഫീസിനുസമീപത്തുനിന്ന് ആരംഭിക്കുന്ന ഓവുചാലിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധതരത്തിലുള്ള മാലിന്യമാണ് തള്ളിയത്.
സമൂഹവിരുദ്ധർ ഓവുചാലിൽ തള്ളുന്ന മാലിന്യം മഴക്കാലത്ത് ഒഴുകി ഓവുചാൽ അവസാനിക്കുന്ന ഭാഗത്ത് തങ്ങിനിൽക്കുകയാണ്. ഇത് ജീർണിച്ച് ദുർഗന്ധം വമിക്കുന്നതുകാരണം പരിസരവാസികൾ രോഗഭീഷണിയിലാണ്. ഓവുചാലുകളിലൂടെ ഒഴുകി വരുന്ന ഖരമാലിന്യങ്ങൾ തടഞ്ഞുനിർത്താൻ നേരത്തേ താത്കാലിക ഇരുമ്പുവേലി സ്ഥാപിച്ചിരുന്നു. ഇപ്പോൾ ഇരുമ്പുവേലി കാണാനില്ല. ഇതാണ് മാലിന്യം അടിഞ്ഞുകൂടാൻ കാരണം. നാപ്കിൻ പാഡുകളും മദ്യകുപ്പികളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിയാണ് ഓടയിലൂടെ തള്ളുന്നത്. ഇത് സംബന്ധിച്ച് ഏതാനും മാസം മുൻപ് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ഇത്തരം കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നിട്ടും യാതൊരു ഫലവുമുണ്ടാകാത്ത അവസ്ഥയാണ്.
മാലിന്യം അലക്ഷ്യമായി തള്ളുന്ന സമൂഹവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം പരിസരങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് തദ്ദേശവാസികൾ ആവശ്യപ്പെടുന്നത്.
STORY HIGHLIGHTS:The drains of the Antur municipality have become a dumping ground for garbage