പട്ടുവം റോഡ് പുളിമ്പറമ്പിന് സമീപം മഞ്ചക്കുണ്ടിൽ റോഡ് മുറിച്ചുമാറ്റാനുള്ള വഴിയൊരുങ്ങി.
തളിപ്പറമ്പ് : തർക്കങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പട്ടുവം റോഡ് പുളിമ്പറമ്പിന് സമീപം മഞ്ചക്കുണ്ടിൽ റോഡ് മുറിച്ചുമാറ്റാനുള്ള വഴിയൊരുങ്ങി. ദേശീയപാതയിൽ കുറ്റിക്കോൽ-കീഴാറ്റൂർ- കുപ്പം ബൈപ്പാസ് റോഡ് കടന്നുപോകാനാണ് പട്ടുവം റോഡ് മുറിച്ചുമാറ്റുന്നത്.
ബൈപ്പാസ് റോഡിൻ്റെ വീതിയിൽ 20 മീറ്ററോളം ആഴത്തിൽ റോഡിലെ മണ്ണ് നീക്കും. ഏറെ ശ്രമകരമായ പ്രവർത്തിയാണ് ഇവിടെ പൂർത്തിയാക്കേണ്ടത്. മുറിച്ചുമാറ്റിയ ഭാഗം റോഡിന്റെ വശം ഉറപ്പിക്കലുൾപ്പെടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ ഒരു വർഷത്തോളമെടുക്കും. റോഡ് മുറിക്കുന്ന ഭാഗത്തെ ശുദ്ധജല പൈപ്പ് ലൈൻ മാറ്റിയിടുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. നൂറ് മീറ്ററിലേറെ വരുമിത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി ഒരാഴ്ചക്കകം പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കാത്തിരിപ്പിനൊടുവിൽ ഉചിതമായ വഴി
കീഴാറ്റൂർ-കുപ്പം ബൈപ്പാസ് നിർമാണം പുരോഗമിക്കുമ്പോഴും പട്ടുവം റോഡ് മുറിച്ചുമാറ്റിയുള്ള പണികളാരംഭിക്കാനാകാതെ പ്രതിസന്ധിയിലായിരുന്നു കരാറുകാർ. പട്ടുവത്തുനിന്ന് തളിപ്പറമ്പിലേക്കുള്ള ബസ് സർവീസ് നിലച്ചുപോകുമെന്നതായിരുന്നു തടസ്സത്തിന് കാരണം. രണ്ട് വഴികളാണ് ബസ് സർവീസിനുവേണ്ടി നിർദേശിച്ചത്.
ഒന്ന് പട്ടുവം -ഏഴാംമൈൽ-തളിപ്പറമ്പ് പാത. എന്നാലിത് ബസ് ഉടമകൾക്കും തൊഴിലാളികൾക്കും സ്വീകാര്യമായില്ല. രണ്ടാമത്തേത് പുളിമ്പറമ്പ്-മാന്ധംകുണ്ട് റൂട്ട്. ഇതുവഴി ബസ് ഉടമകൾ അംഗീകരിച്ചെങ്കിലും റോഡിൽ പാളയട്ടെ പഴകിയ പാലം തടസ്സമായി.
പാലം ഉപയോഗിക്കാൻകൊള്ളില്ലെന്ന് പൊതുമരാമത്ത് വിഭാഗം കുറിപ്പെഴുതിയതോടെ ആ വഴിയും മുടങ്ങി. പുതിയ റൂട്ട് കണ്ടെത്താനാകാതെ വിഷമിച്ചിരിക്കുമ്പോഴാണ് റോഡരികിൽത്തന്നെ പുതിയ റോഡ് നിർമ്മിച്ച് സൗകര്യമൊരുക്കാമെന്ന തീരുമാനത്തിലെത്തിയത്.
ഇതോടെ ഒരു യാത്രാപ്രശ്നം നീങ്ങിക്കിട്ടുകയുംചെയ്തു. എഴുന്നൂറ് മീറ്ററിലേറെ നീളത്തിൽ കീഴാറ്റൂരിൽനിന്നാരംഭിക്കുന്ന പാലം പട്ടുവം റോഡുമായി സന്ധിക്കുന്നയിടത്തിലാണ് പട്ടുവം റോഡ് മുറിക്കുന്നത്. പിന്നീട് മേൽപ്പാലം പണിത് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കും.
STORY HIGHLIGHTS:A road has been prepared to cut the road at Manchakund near Pattuvam road Pulimbaram.