ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ
കടം വീട്ടാൻ പണമില്ല; ‘സുകുമാരകുറുപ്പ് മോഡൽ’ കൊലപാതകത്തിലൂടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ
ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ ‘സുകുമാരകുറുപ്പ് മോഡലി’ൽ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിലായി. ബംഗളൂരുവിലെ ഹോട്ട്കൊട്ടിലാണ് സംഭവം. സംഭവത്തിൽ മുനിസ്വാമി ഗൗഡ എന്നയാളിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു. ഭാര്യ ശിൽപറാണിയുടെ പേര് ഇൻഷുറൻസുകളിൽ നോമിനിയായി രേഖപ്പെടുത്തി വ്യാജ അപകടം സൃഷ്ടിച്ചാണ് ഇയാൾ ഇത്തരമൊരു തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം ഗൊല്ലറഹള്ളിയിൽ ഒരാളെ ഇവർ കൊലപ്പെടുത്തിയിരുന്നു.
ഇത് തന്റെ ഭർത്താവാണ് എന്ന ആരോപണം ഉന്നയിച്ച് ശിൽപറാണി രംഗത്ത് വന്നു. തുടർന്ന് ഇയാളുടെ മൃതദേഹവും ഇവർ സംസ്കരിച്ചു. ഇങ്ങനെയാണ് ഇൻഷുറൻസ് തട്ടിയെടുത്തത്.
ഗൊല്ലറഹള്ളിയിലൂടെ സഞ്ചരിക്കവേ ദമ്പതികൾ റോഡിൽ കണ്ടുമുട്ടിയ ഒരാളെ കൂടെ കൂട്ടിയിരുന്നു. യാത്രക്കിടെ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ മാറ്റാൻ ഇയാളോട് ആവശ്യപ്പെട്ടു. പിന്നാലെ വണ്ടിയ്ക്കടിയിലേക്ക് ഇവർ ഇയാളെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.ശേഷം ഇതൊരു അപകടമാണെന്ന് ഇവർ മറ്റുള്ളവരുടെ മുൻപിൽ ചിത്രീകരിച്ചു.
സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് അപകടത്തിൽ മരിച്ചത് തന്റെ ഭർത്താവ് ആണെന്ന് കളവുപറഞ്ഞ ശിൽപറാണി മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയും ചെയ്തു. തട്ടിപ്പ് ഏറെക്കുറെ വിജയം കണ്ടെന്ന് മനസിലാക്കിയ ദമ്പതികൾ പിന്നീട് ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള നടപടികൾ തുടങ്ങി. ഇതിനിടെ മുനിസ്വാമി ഗൗഡയെ നേരിൽക്കണ്ട ഒരാൾ പൊലീസിനെ വിവരമറിയിച്ചതോടെയാണ് ദമ്പതികൾ കുടുങ്ങിയത്.
പിന്നാലെ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. ടയർ കട നടത്തുന്ന തനിക്ക് കടമുണ്ടെന്നും ഇത് വീട്ടാൻ യാതൊരു മാർഗ്ഗവും ഇല്ലാതെ വന്നതോടെയാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. അതേസമയം സംഭവ ശേഷം ഗൗഡയുടെ ഭാര്യ ശിൽപറാണി ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
STORY HIGHLIGHTS:A businessman who killed an unknown man to steal insurance was arrested