ദേശീയ കായിക ദിനം.
ദേശീയ കായിക ദിനം.
ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ധ്യാൻചന്ദ് (1905-1979) എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ഇന്ത്യ ദേശിയ കായിക ദിനമായി ആചരിക്കുന്നു.
1928-ലെ ആംസ്റ്റർഡം ഒളിമ്പിക്സിനാണ് ധ്യാൻചന്ദിലൂടെ ഇന്ത്യ ആദ്യമായി കായികരംഗത്ത് സ്വർണ്ണം നേടിയത്. പിന്നീട് 1932-ലും 1936-ലും ഇന്ത്യ ഒളിമ്പിക്സ് സ്വർണ്ണം നേടി.
1932-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ തോൽപിച്ചത് ഒന്നിനെതിരെ 24 ഗോളുകൾക്കാണെന്നത് ഇന്നും തകർക്കപ്പെടാതെ നില്ക്കുന്ന ലോകറെക്കോഡാണ്.
1936-ൽ ബർലിനിലാണ് ധ്യാൻചന്ദ് ആദ്യമായി ഇന്ത്യയെ ഒളിമ്പിക്സിൽ നയിച്ചത്.
ഈ മത്സരശേഷം ധ്യാന്‍ ചന്ദിന്റെ സ്റ്റിക് പരിശോധിച്ച ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ധ്യാൻചന്ദിനെ ജർമനിയിലേക്ക് ക്ഷണിച്ചു. ജർമൻ പൗരത്വവും ഉയർന്ന ജോലിയും ആയിരുന്നു വാഗ്ദാനം. എന്നാൽ താൻ ഭാരതത്തിൽ സന്തോഷവാനാണെന്നായിരുന്നു മറുപടി. ബർലിൻ ഒളിമ്പിക്സിനു ശേഷം ബർലിനിലെ ഒരു സ്ട്രീറ്റ് ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ലണ്ടനിലെ അണ്ടർ ഗ്രൗണ്ട് ട്യൂബ് സ്റ്റേഷനുകളിൽ ഒന്നിനും ധ്യാൻചന്ദിന്റെ പേരു നല്‍കി. ഹോക്കിയിൽ ഏറെക്കാലം ഇതിഹാസം രചിച്ച ശേഷം ധ്യാൻചന്ദ് 1959-ൽ ഫീൽഡിനോട് വിടപറഞ്ഞു.
ആകെ കരിയറിൽ 1000 ഗോളുകൾ.
അതിൽ 400 ഉം അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്ന്.
പഞ്ചാബ് ഇൻഫെന്റ്രി ടൂർണമെന്റിന്റെ ഫൈനലിൽ രണ്ടു ഗോളിന് പിന്നിൽ നില്‍ക്കുകയായിരുന്ന തന്റെ ടീമിന് വേണ്ടി അവസാന നാലു മിനിട്ടിനുള്ളിൽ ധ്യാൻ ചന്ദ് നേടിയത് മൂന്നു ഗോളുകൾ. ഈ മത്സരത്തോട് കൂടിയാണ് അദ്ദേഹം ഹോക്കി മാന്ത്രികൻ എന്നറിയപ്പെടാൻ തുടങ്ങിയത്.
ധ്യാൻചന്ദിന്റെഅവസാന നാളുകൾ കയ്പ്പേറിയതായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ട അദ്ദേഹത്തെ ഹോക്കി ഫെഡറേഷനും സർക്കാറും തീരെ അവഗണിച്ചു. ഒരിക്കൽ ഇന്ത്യയുടെ മൽസരം കാണാനെത്തിയ അദ്ദേഹത്തെ തിരിച്ചറിയാത്തതിനാൽ പ്രവേശനം നല്‍കാതെ തിരികെ പറഞ്ഞു വിട്ടു. കരളിന് ക്യാൻസർ ബാധിച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെസിക്കൽ സയൻസിലെ ജനറൽ വാർഡിൽ കിടന്നിരുന്ന അദ്ദേഹത്തെ പിന്നീടാരോ തിരിച്ചറിഞ്ഞ ശേഷമാണ് റൂമിലേക്ക് മാറ്റിയത്. 1979 ഡിസംബർ 3-ന് ധ്യാൻചന്ദ് അന്തരിക്കുമ്പോൾ ദരിദ്രനും അവഗണിക്കപ്പെട്ടവനും ആയിക്കൊണ്ടാണ്. ജീവിതകാലത്തും മരണശേഷവും ആ ഇതിഹാസ താരത്തിന് അർഹമായ അംഗീകാരങ്ങളോ ബഹുമതികളോ നൽകാൻ ആരും തയ്യാറായില്ല.
2012 മുതലാണ് ഇന്ത്യ ദേശീയ കായികദിനമായി ആചരിച്ചു തുടങ്ങിയത്.
കായിക രംഗത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് ഇന്ത്യ. ലോക കായിക മാമാങ്കമായ ഒളിമ്പിക്സിൽ ഒരിയ്ക്കൽ പോലും ആകെ പത്ത് മെഡൽ ഒരുമിച്ച് ലഭിച്ചിട്ടില്ല എന്നത് ഇന്ത്യയുടെ ദയനീയാവസ്ഥ വെളിവാക്കുന്നതാണ്.
കുട്ടികൾക്ക് അടിസ്ഥാന കായിക വിദ്യാഭ്യാസവും കായിക സാക്ഷരതയും ശൈശവം മുതൽ ഉറപ്പിക്കുകയും മികവ് പുലർത്തുന്ന പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനവും പിന്തുണയും നല്‍കുന്ന ഒരു സംസ്‌കാരം രാജ്യത്ത് രൂപപ്പെടണം. ടാലന്റ് ഐഡന്റിഫിക്കേഷനിൽ ശാസ്ത്രീയ പരിശോധനകൾ ഏർപ്പെടുത്തി ഓരോ കായിക ഇനവുമായി ബന്ധപ്പെട്ട താരങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുകയും വേണം. ലോകത്ത് ലഭ്യമാകുന്ന ഏറ്റവും ഉന്നത നിലവാരമുള്ള സംവിധാനങ്ങളും ഇവർക്ക് ലഭ്യമാക്കണം.
രാജ്യവ്യാപകമായി ഇത്തരം പരിശ്രമങ്ങൾ ഏറ്റെടുത്ത് നടപ്പിൽ വരുത്താൻ തീരുമാനിച്ചാൽ ലോക കായിക ഭൂപടത്തിൽ ഇന്ത്യക്ക് മാന്യമായ സ്ഥാനം ലഭിക്കും. ഇല്ലെങ്കിൽ ഓരോ കായിക ദിനവും ഒരു ചടങ്ങു മാത്രമായി തുടരും….
STORY HIGHLIGHTS:National Sports Day.