പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പരിഷ്‍കാരം
ടൗണ്‍ റോഡിന്റെ പരിമിതി, റെയില്‍വേ അടിപ്പാലത്തിലെ കുരുക്ക്, കെ.എസ്.ടി.പി പാതയോരത്തെ പാർക്കിങ്, വഴിവാണിഭം തുടങ്ങിയ പ്രതികൂലാവസ്ഥയില്‍ രൂക്ഷമായ ഗതാഗത കുരുക്കനുഭവപ്പെടുന്ന പഴയങ്ങാടിയില്‍ ഗതാഗത പ്രശ്ന പരിഹാരത്തിനായി പൊലീസിന്റെയും പഞ്ചായത്തധികൃതരുടെയും നേതൃത്വത്തില്‍ യോഗം ചേർന്നു.
മേഖലയില്‍ ഗതാഗതം ദുസ്സഹമായതിനാല്‍ പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാർ കണ്ണൂർ റൂറല്‍ എസ്.പിക്ക് നേരത്തേ പരാതി നല്‍കിയിരുന്നു.
മാടായി, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ് അധികാരികള്‍, ഓട്ടോതൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, വ്യാപാര സംഘടന പ്രതിനിധികള്‍, റോട്ടറി ക്ലബ് ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തില്‍ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പാതയോരത്തെ പാർക്കിങ് കർശനമായി നിരോധിക്കാൻ ധാരണയായി.
റോഡിന്റെ വശങ്ങള്‍ കൈയേറി നടത്തുന്ന കച്ചവടങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തും. പഴയങ്ങാടി ബസ് സ്റ്റാൻഡിലേക്ക് നിർദിഷ്ട വഴിയിലൂടെ മാത്രം ബസുകള്‍ പ്രവേശിപ്പിക്കുന്നതിനും റെയില്‍വേ അടിപ്പാതക്ക് സമീപം പൊലീസിനെ വിന്യസിക്കാനും സംവിധാനം ഏർപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയർന്നു.
ചരക്കു ലോറികള്‍ ചരക്കിറക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്നും പഴയങ്ങാടി ബസ് സ്റ്റാൻഡില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കാനും യോഗം തീരുമാനിച്ചു.
ഏഴോം, മാടായി പഞ്ചായത്തുകളുടെ സഹകരണത്തോടെ കെ.എസ്.ടി.പി റോഡിന്റെ ഇരുവശത്തും നോ പാർക്കിങ് ബോർഡ് സ്ഥാപിക്കും. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, പഴയങ്ങാടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എൻ.കെ. സത്യനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂനിറ്റ് പ്രസിഡന്റ് പി.വി. അബ്ദുല്ല, സെക്രട്ടറി ഇ.പി. പ്രമോദ്, പഴയങ്ങാടി പൊലീസ് പി.ആർ.ഒ കെ. അനില്‍കുമാർ, പഴയങ്ങാടി പൊലീസ് റൈറ്റർ എസ്.കെ. പ്രകാശൻ, എസ്.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
STORY HIGHLIGHTS:Traffic reform to avoid traffic jams in Pazhyangadi