പാപ്പിനിശ്ശേരി-വേളാപുരം കവലയിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുകയും പരിക്ക് പറ്റുന്നതും പതിവാകുന്നു
വേളാപുരം : പാപ്പിനിശ്ശേരി – വേളാപുരം കവലയിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുകയും പരിക്ക് പറ്റുന്നതും പതിവാകുന്നു. ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി പൊടി ശല്യം രൂക്ഷമായതോടെ വെള്ളം തളിക്കുന്നതാണ് നിലവിലെ അപകടങ്ങൾക്ക് ഇടയാക്കുന്നത്. ദേശീയപാത നിർമാണത്തെ തുടർന്ന് സ്ഥലത്ത് പൊടി ശല്യം രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് ഇവിടെ വാഹനങ്ങളിൽ വെള്ളം കൊണ്ട് വന്ന് തളിക്കാൻ തുടങ്ങിയത്. എന്നാൽ പൊടി പടലത്തിൽ വലയുകയായിരുന്ന ജനങ്ങൾക്ക് ഇത് ഇരട്ടി ദുരിതമാണ് സൃഷ്ടിച്ചത്. പൊടിയും വെള്ളവും കലർന്ന് റോഡ് ചെളിയായതോ ടെ വാഹനങ്ങൾ തെന്നി വീഴുന്ന അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തിൽപ്പെടുന്നത്. ദിവസവും 15 ൽ അധികം പേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.
കഴിഞ്ഞ ദിവസം 10 – 20 മിനുട്ടിനിടയിൽ 3 ലധികംപേർ തെന്നി വീണതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ മാത്രം നിരവധി പേർ ഇവിടെ തെന്നി വീണ് തൊട്ടടുത്ത പാപ്പിനിശ്ശേരി സി എച്ച് സിയിൽ ചികിത്സ തേടിയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം 18 ലേറെപ്പേർ പരിക്ക് പറ്റി ഇവിടെ ചികിത്സതേടിയിട്ടുണ്ട്.
കാൽനട യാത്രികരും തെന്നി വീഴുന്നത് പതിവാണ്. പൊടി ശല്യം രൂക്ഷമായപ്പോൾ പരാതിപ്പെട്ടതിനെ തുടർന്ന് റോഡ് താർ ചെയ്യാമെന്ന് ദേശീയപാത അധികൃതർ അറിയിച്ചിരുന്നെങ്കിലും സ്ഥിതി ഇത്രയും ഗുരുതരമായിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തളിക്കുന്നത് ഉപ്പുവെള്ളമായതിനാൽ വാഹനങ്ങളുടെ പ്ലാറ്റ്ഫോം നശിക്കാനിടയാക്കുന്നതും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. വലിയ അപകടങ്ങളുണ്ടാകുന്നതിന് മുന്നേ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം.
STORY HIGHLIGHTS:Two-wheeler skids and injuries are common at the Pappinissery-Velapuram intersection.