താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
2025 മാർച്ച് 07 മുതല്‍ 09 വരെ തീയതികളില്‍ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും താപനില വർധിച്ചേക്കും.
ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉയർന്ന താപനില 36°C യാണ് വർധിക്കുക. സാധാരണയെക്കാള്‍ 2 – 3°C കൂടുതലാണിത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 07 മുതല്‍ 09 വരെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.
ചൂട് കൂടുന്നതോടെ തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ തന്നെ പൊതുജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണം.
പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
STORY HIGHLIGHTS:Temperature warning; Meteorological Department issues yellow alert in various districts
