ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം ഇന്ത്യയ്ക്ക്

റായ്പൂർ: പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്‌സിനെ ആറു വിക്കറ്റിന് തോൽപിച്ചു. വിൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 74 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ടോപ് സ്‌കോറർ. സച്ചിൻ ടെണ്ടുൽക്കർ 25 റൺസെടുത്തു. യുവരാജ് സിങും(13) സ്റ്റുവർട്ട് ബിന്നിയും (16) പുറത്താകാതെ നിന്നു.
റായ്പൂർ, വീർ നാരായൺ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കറും അമ്പാട്ടി റായ്ഡുവും ചേർന്ന് നൽകിയത്. ഓപ്പണിങ് സഖ്യത്തിൽ ഇരുവരും 67 റൺസ് കൂട്ടിചേർത്തു. സച്ചിൻ മടങ്ങിയെങ്കിലും ചേസിങ് ദൗത്യം ഏറ്റെടുത്ത അമ്പാട്ടി ഫോറുകളും സിക്‌സറുമായി റൺറേറ്റ് ഉയർത്തി. ഗുർക്രീസ് സിങ് മാനു(14)മായും യുവരാജ് സിങുമായും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ച ശേഷമാണ് അമ്പാട്ടി മടങ്ങിയത്. 50 പന്തിൽ ഒൻപത് ഫോറും മൂന്ന് സിക്‌സറും സഹിതമാണ് 74 റൺസെടുത്തത്.
നേരത്തെ, ടോസ് നേടി ബാറ്റിങിനിറങ്ങിയ വിൻഡീസ് മാസ്റ്റേഴ്സിനെ ലെൻഡൽ സിമോൺസ് (41 പന്തിൽ 57), ഡ്വയിൻ സ്മിത്തും (35 പന്തിൽ 46) ചേർന്നാണ് ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാർ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി. ബ്രയാൻ ലാറ (6)യും റാം പോളും(2), പെർക്കിൻസും(6) വേഗത്തിൽ മടങ്ങിയതോടെ ഒരു വേള സന്ദർശകർ വലിയ തിരിച്ചടി നേരിട്ടു. എന്നാൽ അവസാന ഓവറുകളിൽ സിമൺസ് നടത്തിയ ബാറ്റിങ് കരുത്ത് വെസ്റ്റിൻഡീസിനെ 148 റൺസിലെത്തിച്ചു
STORY HIGHLIGHT:International Masters League T20 title for India
