ട്രെയ്‌നറെ കൊലപ്പെടുത്തിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍.
കൊച്ചി:ആലുവയില്‍ ജിം ട്രെയ്‌നറെ കൊലപ്പെടുത്തിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി സാബിത്ത് ആണ് ആലുവയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസില്‍ ജിം ഉടമയായ കൃഷ്ണപ്രതാപിനെ (25 വയസ്സ്) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചെമ്ബൂച്ചിറയില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആലുവ ചുണങ്ങുംവേലിയില്‍ ഫിറ്റ്നെസ് സെന്റര്‍ നടത്തുകയാണ് ഇയാള്‍.
ജിം നടത്തിപ്പുകാരനായ കൃഷ്ണപ്രതാപിന്റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്ബത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. എടത്തല പൊലീസാണ് കേസില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സാമ്ബത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന് സാബിത്തിനെ രണ്ട് മാസം മുമ്ബ് ജോലി സ്ഥലത്ത് നിന്ന് പറഞ്ഞുവിട്ടിരുന്നുവെന്നാണ് കൃഷ്ണപ്രതാപ് പറയുന്നത്.
ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ട ശേഷവും സാമ്ബത്തിക തര്‍ക്കങ്ങള്‍ അവസാനിച്ചിരുന്നില്ല. ജോലി നഷ്ടപ്പെട്ടിട്ടും സാബിത് ആലുവയില്‍ തന്നെയാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് കൊലപാതകം നടന്നത്. സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി, കയ്യില്‍ കരുതിയ ആയുധം കൊണ്ട് സാബിത്തിനെ കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കൊല നടത്തിയ ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തിരുന്നു.
കണ്ണൂര്‍ ശ്രീകണ്ഠാപുരം നെടുഞ്ചാരപുതിയപുരയില്‍ ഖാദറിന്റെയും പരേതയായ ഫാത്തിമയുടെയും മകനാണ് കൊല്ലപ്പെട്ട സാബിത്ത്. ഭാര്യ ഷെമീല. മക്കള്‍: സഹ്റ, ഇവാന്‍. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിശദമായ ചോദ്യംചെയ്യലിന് ഒരുങ്ങുകയാണ്. പ്രതിയെ അധികം വൈകാതെ സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
STORY HIGHLIGHTS:The owner of the establishment was arrested in the case of murdering the trainer.