ഇന്റര്‍നെറ്റ് വേഗത; ആഗോള തലത്തില്‍ മൂന്നാം സ്ഥാനം നേടി കുവൈത്ത്
കുവൈറ്റ്:മൊബൈൽ ഇന്റർനെറ്റ് വേഗതയില്‍ ആഗോള-അറബ് മേഖലയില്‍ മൂന്നാം സ്ഥാനം നേടി കുവൈത്ത്. കഴിഞ്ഞ ഒക്ടോബറില്‍ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇൻഡക്സ് പുറത്തുവിട്ട പട്ടികയിലാണ് രാജ്യത്തിന്റെ നേട്ടം.
258.51 എംബിപിഎസ് ആണ് കുവൈത്തിലെ ശരാശരി ഇന്റർനെറ്റ് വേഗത. ഈ നേട്ടം മൊബൈല്‍ കണക്ടിവിറ്റിയില്‍ കുവൈത്തിന് ആഗോളവല്കൃതം സാധ്യമാക്കും. 428.51 എംബിപിഎസ് ശരാശരി വേഗതയോടെ യു.എ.ഇ ആഗോള തലത്തിലും പ്രാദേശിക തലത്തിലും ഒന്നാമതെത്തി. 356.7എംബിപിഎസ് ശരാശരി വേഗതയില്‍ ഖത്തർ ആണ് രണ്ടാം സ്ഥാനത്ത്. 95.67എംബിപിഎസ് ശരാശരി വേഗതയോടെ ആഗോള തലത്തില്‍ ഇന്ത്യ 26-ാം സ്ഥാനത്താണുള്ളത്.
ഗ്ലോബല്‍ ഇൻഡക്സ് പുറത്തുവിട്ട സൂചികയില്‍ ജിസിസി രാജ്യങ്ങള്‍ ശക്തമായ പ്രകടനം കാഴ്ച്ചവെച്ചു. 121.9എംബിപിഎസ് ശരാശരി വേഗതയില്‍ സൗദി അറേബ്യ പ്രാദേശിക തലത്തില്‍ നാലാം സ്ഥാനവും ആഗോള തലത്തില്‍ 11-ാം സ്ഥാനവും കരസ്ഥമാക്കി. 116.6എംബിപിഎസ് ശരാശരി വേഗതയോടെ ബഹ്റൈൻ പ്രാദേശിക തലത്തില്‍ അഞ്ചാം സ്ഥാനവും ആഗോള തലത്തില്‍ 13-ാം സ്ഥാനവും നേടിയപ്പോള്‍ 89.3എംബിപിഎസ് ശരാശരി വേഗതയോടെ ഒമാൻ പ്രാദേശിക തലത്തില്‍ ആറാം സ്ഥാനവും ആഗോള തലത്തില്‍ 29-ാം സ്ഥാനവും നേടി.
കുവൈത്തിന്റെ റാങ്കിംഗ് ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങളുടെ പുരോഗതിയും ഇന്റർനെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്നു. ജിസിസി രാജ്യങ്ങളുടെ പ്രകടനം ആധുനിക സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ നവീകരണത്തിലുമുള്ള മേഖലയിലെ നിക്ഷേപത്തെ സൂചിപ്പിക്കുന്നതാണ്.
STORY HIGHLIGHTS:Internet speed; Kuwait ranks third globally