നാഗാലൻ്റിനെതിര അനായാസ വിജയവുമായി കേരളം
പതിനഞ്ച് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയ ടൂർണ്ണമെൻ്റില്‍ നാഗാലൻ്റിനെതിരെ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ ഉജ്ജ്വല വിജയം.
നാഗാലൻ്റിനെ വെറും 24 റണ്‍സിന് പുറത്താക്കിയ ബൌളിങ് മികവാണ് കേരളത്തിന് അനായാസ വിജയം ഒരുക്കിയത്. സ്പിന്നർമാരായ അരിതയുടെയും ലക്ഷ്മീദേവിയുടെയും ബൌളിങ് മികവാണ് കേരളത്തിന് വിജയം ഒരുക്കിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ബിഹാറിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ അരിത അഞ്ച് വിക്കറ്റ് നേടിയിരുന്നു.
ടോസ് നേടിയ നാഗാലൻ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡ് തുറക്കും മുൻപെ ഓപ്പണർ നിവേദിതയെ പുറത്താക്കി ലക്ഷ്മി കേരളത്തിന് മികച്ച തുടക്കം നല്കി. തുടർന്നുള്ള ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയ ലക്ഷ്മി നാഗാലൻ്റിനെ തകർച്ചയില്‍ നിന്ന് കരകയറാൻ അനുവദിച്ചില്ല. മറുവശത്ത് മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കിയ അരിതയുടെ പ്രകടനം നാഗാലൻ്റിനെ ചെറിയ സ്കോറില്‍ ഒതുക്കുകയും ചെയ്തു. 22.3 ഓവറില്‍ 24 റണ്‍സിന് നാഗാലൻ്റ് ഓള് ഔട്ടായി. എട്ട് റണ്‍സെടുത്ത നീതു ഛെത്രിയാണ് അവരുടെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി അഥീനയും കൃഷ്ണവേണിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അനായാസം ലക്ഷ്യത്തിലെത്തി. അമീറ ബീഗവും ലെക്ഷിത ജയനും ചേർന്നുള്ള ഓപ്പണിങ് സഖ്യം വെറും മൂന്ന് ഓവറില്‍ കേരളത്തെ വിജയത്തിലെത്തിച്ചു.
STORY HIGHLIGHTS:Kerala eases to victory over Nagaland